പ്രധാന താള്‍ -> ഘടനാ സംവിധാനം
ഘടനാ സംവിധാനം PDF Print E-mail

ഭാഗ്യക്കുറി വകുപ്പിന്റെ തലവന്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറാണ് . ഡയറക്ടറെ ഭരണ കാര്യങ്ങളില്‍ സഹായിക്കാനായി ഒരു അഡിഷണല്‍ ഡയറക്ടറെയും , ഒരു ജോയിന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിരിക്കുന്നു . ഭരണതലത്തില്‍ ഡയറക്ടറേറ്റില്‍ 3 ഡെപ്യൂട്ടി ഡയറക്ടര്‍മാരും , 4 ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാരും ( ആസ്ഥാനം ) ഉണ്ട് . കൂടാതെ സര്‍ക്കാര്‍ ധനകാര്യ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനിലുള്ള ഒരു ഫിനാന്‍സ് ഓഫീസര്‍ , അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള ഒരു അക്കൗണ്ട്സ് ഓഫീസര്‍ , രണ്ട് സീനിയര്‍ ഓഡിറ്റര്‍മാര്‍ പബ്ലിക്‌ റിലേഷന്‍സ് വകുപ്പില്‍ നിന്നുള്ള പബ്ലിസിറ്റി ഓഫീസര്‍ എന്നിവരാണ്‌ ഡയറക്ടറേറ്റിലെ സീനിയര്‍ ഓഫീസര്‍മാര്‍ .


ഓരോ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നിയന്ത്രണത്തില്‍ സമ്മാന വിഭാഗവും വില്പന വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു . പ്രിന്റിംഗ് ജോലികളുടെ ചുമതലയും ഒരു ഡെപ്യൂട്ടി ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കുന്നു . ഡയറക്ടറേറ്റിലെ ബഡ്ജറ്റ് , ഇന്റേണല്‍ ഓഡിറ്റ് എന്നീ വിഭാഗങ്ങള്‍ ഫിനാന്‍സ് ഓഫീസറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു . പബ്ലിസിറ്റി വിഭാഗം പബ്ലിസിറ്റി ഓഫീസറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത് . അക്കൗണ്ട്സ് ഓഫീസര്‍ ( ക്ഷേമനിധി ) തസ്തിക പുനര്‍ നാമകരണം ചെയ്ത് പുതുതായി രൂപീകരിച്ച കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ്‌ സെല്ലേഴ്‌സ്‌ സ്റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസര്‍ തസ്തികയില്‍ ലയിപ്പിച്ചു . ഭാഗ്യക്കുറി ഏജന്റുമാരുടെയും , വില്‍പ്പനക്കാരുടെയും ക്ഷേമവും , ആനുകൂല്യ വിതരണവും അനുബന്ധപ്രവര്‍ത്തനങ്ങളും മേല്‍പ്പറഞ്ഞ ക്ഷേമനിധിയില്‍ നിര്‍വഹിച്ചു വരുന്നു . വകുപ്പിന് കീഴില്‍ എറണാകുളം ജില്ലയില്‍ ഒരു മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറേറ്റും , 14 ജില്ലകളിലും ജില്ലാ ഭാഗ്യക്കുറി ഓഫീസുകളും പ്രവര്‍ത്തിച്ചു വരുന്നു .


എല്ലാ ടിക്കറ്റുകളുടെയും പ്രിന്റിംഗുമായി ബന്ധപ്പെട്ട ജോലികള്‍  ,ഭാഗ്യക്കുറികളുടെ  വിതരണം ,നറുക്കെടുപ്പ് എന്നീ ജോലികള്‍ ഡയറക്ടറേറ്റില്‍ നിര്‍വഹിച്ചു വരുന്നു . ടിക്കറ്റ്‌ വില്പന , ഏജന്‍സി നല്‍കല്‍ , പുതുക്കല്‍ , ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന തുക അനുവദിക്കല്‍ എന്നിവയാണ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിര്‍വഹിച്ചു വരുന്ന പ്രധാന ജോലികള്‍ . പൊതുവായ ഭരണ കാര്യങ്ങള്‍ , ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന സമ്മാന വിതരണം സംസ്ഥാനത്തിന് വെളിയില്‍ ഏജന്‍സി അനുവദിക്കല്‍ വകുപ്പിന്റെ മൊത്തത്തിലുള്ള നിയന്ത്രണം എന്നിവ ഡയറക്ടറേറ്റിലേ പ്രധാന ജോലികളാണ് . ഭാഗ്യക്കുറി വകുപ്പ് സര്‍ക്കാര്‍ നികുതി വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു . വകുപ്പില്‍ വിവിധ തസ്തികകളില്‍ 465 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് .