പ്രധാന താള്‍ -> നവീകരണം
നവീകരണം PDF Print

2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വമ്പിച്ച മാറ്റങ്ങളിലൂടെയാണ് കടന്നു പോയത് .15.05.2007 ലെ ജിഒ (എം.എസ്) നമ്പര്‍ 124/07/റ്റിഡി പ്രകാരം വകുപ്പ് നവീകരിക്കുന്നതിനും ,പുനഃസംഘടിപ്പിക്കുന്നതിനും ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.ഇതിന്റെ ഭാഗമായുള്ള അധികാര വികേന്ദ്രീകരണത്തിന്റെ ഫലമായി പുതിയ ഭാഗ്യക്കുറികള്‍ ആരംഭിക്കുന്ന കാര്യത്തിലും സമ്മാന ഘടന പരിഷ്കരിക്കാനും ,പരസ്യ പ്രചാരണം തുടങ്ങിയ കാര്യങ്ങളിലും ഡയറക്ടര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ സിദ്ധിച്ചു .സമ്മാന ക്ലെയിമുകള്‍ പാസ്സാക്കുന്നതിനുള്ള പരിധി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാര്‍ക്ക്‌ 1 ലക്ഷം രൂപ വരെയും ഡയറക്ടറേറ്റിലെ സമ്മാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് 20 ലക്ഷം രൂപ വരെയും വര്‍ദ്ധിപ്പിച്ചു.20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാന ക്ലെയിമുകള്‍ പാസ്സാക്കുന്നതിന് ഡയറക്ടര്‍ക്ക് അനുമതി നല്‍കി .

 

നികുത്യേതര വരുമാനം വര്‍ധിപ്പിക്കുന്നതിലേക്കായി നിലവിലുള്ള പ്രതിവാര ഭാഗ്യക്കുറികളുടെ എണ്ണം 6 ആയി വര്‍ദ്ധിപ്പിക്കുകയും രണ്ട് ദ്വൈവാര ഭാഗ്യക്കുറികള്‍ പുതുതായി ആരംഭിക്കുകയുമുണ്ടായി .നിലവിലുള്ള 6 ബമ്പര്‍ ഭാഗ്യക്കുറികള്‍ക്ക് പുറമെയാണ് ഇത് .സ്വര്‍ണം സമ്മാനമായി നല്‍കി വരുന്ന കനകധാരയും, ഇന്നോവ കാര്‍ സമ്മാനമായി നല്‍കുന്നതും മുമ്പ് നടത്തിയിരുന്ന ചൈതന്യ പ്രതിവാര ഭാഗ്യക്കുറി ഘടന പരിഷ്കരിച്ച് ചൈതന്യ കാര്‍പ്ലുസ് എന്നാ പേരില്‍ നടത്തി വരുന്ന ഭാഗ്യക്കുറിയും ശ്രദ്ധേയമായി .

 

കടക്കുറ്റി സമ്പ്രദായം ഒഴിവാക്കുന്നതിലേക്കായി ടിക്കറ്റുകളില്‍ ബാര്‍കോഡ് പതിപ്പിക്കുന്ന രീതി അവലംബിച്ചു.ഏജന്റുമാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയിന്മേല്‍ ടിക്കറ്റ് കടമായി നല്‍കുന്ന പദ്ധതിയും ആരംഭിച്ചു .ഏജന്‍സി ശൃംഖല വികസിപ്പിക്കുന്നതിലേക്കായി ഏജന്‍സി രജിസ്ട്രെഷന്‍ ഫീസ്‌ 200 രൂപയായും പുതുക്കല്‍ ഫീസ്‌ 50 /- രൂപയായും കുറവ് ചെയ്തു.കാഷ്വല്‍ ഏജന്‍സി ഫീസ്‌ 50 /- രൂപയായി നിജപ്പെടുത്തി .

 

വകുപ്പിന്റെ രണ്ടാം ഘട്ട കമ്പ്യൂട്ടറൈസേഷ൯ പൂര്‍ത്തിയാക്കുകയും ,കെല്‍ട്രോണ്‍ വികസിപ്പിച്ച് നടപ്പിലാക്കിയ ലിംസ് സോഫ്റ്റ്‌വെയറിലൂടെ വകുപ്പിലെ പ്രധാന ജോലികള്‍ ബി.എസ്.എന്‍.എല്‍ 512 കെ.ബി.പി.എസ് ബ്രോഡ്‌ബാന്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി നിര്‍വഹിച്ചു വരുന്നുമുണ്ട് .2008 ഫെബുവരി മാസം മുതല്‍ ലിംസ് പ്രവര്‍ത്തിച്ചു തുടങ്ങി.

 

26 .12 .2008 ലെ ജിഒ(ആര്‍.റ്റി) 1244 /08 /റ്റിഡി പ്രകാരം ലിംസ് ഹാര്‍ഡ്‌വെയര്‍ ഓഗ്മെന്റെഷന് സര്‍ക്കാര്‍ അനുമതി നല്‍കുകയും ഇതിന്റെ വെളിച്ചത്തില്‍ ആവശ്യം വേണ്ട അധിക കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങുകയുമുണ്ടായി .എന്നാല്‍ ഡേറ്റ വര്‍ദ്ധനവിനെ തുടര്‍ന്ന് സെര്‍വര്‍ മന്ദഗതിയിലാകുകയും തുടര്‍ന്നുള്ള സാഹചര്യം ഒഴിവാക്കുന്നതിന് കെല്‍ട്രോണ്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ തലത്തില്‍ പരിഗണിച്ചു വരികയും ചെയുന്നു.

 

നവീകരണത്തിന്റെ ഭാഗമായി ഡയറക്ടറേറ്റ് ,മേഖല ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറേറ്റ് ,വിവിധ ജില്ല ഓഫീസുകള്‍ എന്നിവിടങ്ങള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി .ഇതിനെ തുടര്‍ന്ന് ഡയറക്ടറേറ്റിലെ നവീകരണ ജോലിക്ക് പൊതുമരാമത്ത് വകുപ്പിനെയും മേഖല ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറേറ്റ് ,ജില്ലാ ഭാഗ്യക്കുറി ഓഫീസ്.എറണാകുളം ,പാലക്കാട് ,മലപ്പുറം,കോഴിക്കോട്,പത്തനംതിട്ട,കോട്ടയം,തൃശൂര്‍,കണ്ണൂര്‍,കാസര്‍ഗോഡ്‌ എന്നിവിടങ്ങളിലെ ജോലിക്ക് സിഡ്കോയേയും ചുമതലപ്പെടുത്തി .ഇതനുസരിച്ചുള്ള നവീകരണ പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു.